ആലത്തൂര്‍: പഴമ്പാലക്കോട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്‌റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു.
യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി വിഷ്‌ണുവിന്റെ വീട്ടിലെത്തി ഭാര്യ ശ്രീലക്ഷ്‌മിയെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വിഷ്‌ണു(25) വിനെതിരെയും കേസെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഏഴ് സി.പി.എം. നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്‌തു.
തരൂര്‍ എല്‍.സി. സെക്രട്ടറി എം. മിഥുന്‍(29), അത്തിപ്പൊറ്റ എല്‍.സി. സെക്രട്ടറി വേലായുധന്‍(67), മുന്‍ ഏരിയാ കമ്മറ്റി അംഗം വി. ഗോപാലകൃഷ്‌ണന്‍(69), തരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം സന്തോഷ് കുമാര്‍ (41), പഴമ്പാലക്കോട് മല്ലന്‍പറമ്പ് സ്വദേശിയും സി.പി.എം. പ്രവര്‍ത്തകനുമായ മഹേഷ് (28), ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ(35), എരിമയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡംഗം കെ. അന്‍ഷിഫ്(29) എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌തത്.
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ, എരിമയൂര്‍ പഞ്ചായത്ത് അംഗം കെ. അന്‍ഷിഫ് എന്നിവരെ അറസ്‌റ്റു ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രിയാണ് പഴമ്പാലക്കോട് സി.പി.എമ്മുകാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ചത്. പഴമ്പാലക്കോട് മുനിയപ്പന്‍ കോവില്‍ പാവടിക്കു സമീപം തെക്കേപ്പാവടി വിഷ്‌ണു(25), അമ്മ പാര്‍വതി(50), കൃഷ്‌ണന്‍ കോവില്‍ പാവടി ദിനേഷ്(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതിനിടെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതികളെ ബലമായി ഇറക്കി കൊണ്ടുപോവാന്‍ വന്ന സി.പി.എം പ്രവര്‍ത്തകര്‍ അക്രമാസക്‌തരായി. കല്ലേറ് ഉള്‍പ്പടെ നടത്തിയതില്‍ എസ്.ഐ. എം.ആര്‍. അരുണ്‍കുമാര്‍, എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ പി.സി. നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
കല്ലേറില്‍ പരിക്കേറ്റ പോലീസുകാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പോലീസ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി വിഷ്‌ണുവിന്റെ വീട്ടിലെത്തിയ ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ ശേഷം മടങ്ങിയെന്ന് പോലിസ് പറഞ്ഞു. വൈകീട്ട് ഇതിനെതിരെ സി.പി.എം. പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ.യിലെ വിഷ്‌ണുവിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ വിഷ്‌ണുവിന്റെ വീട്ടിലെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ വിഷ്‌ണു, ദിനേഷ് എന്നിവരെയും തടയാനെത്തിയ അമ്മയേയും മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments