PathanamthittaKeralaLatest News

മൂന്ന് പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധം: ഫൈസൽ ജിഷ്ണുവിനെ പരിചയപ്പെട്ടത് ജയിലിൽ

മദ്യം ഉത്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താല്‍കാലിക ജോലിയുണ്ടായിരുന്നു.

തിരുവല്ല : സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്പില്‍ സന്ദീപ്‌കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ പൊലീസിനായി.

കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ഫൈസലുമായി പരിചയത്തിലാവുന്നത് ജയിലില്‍ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച്‌ മുന്‍പ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉത്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താല്‍കാലിക ജോലിയുണ്ടായിരുന്നു. ഇത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ജിഷ്ണുവിന് സന്ദീപുമായി ഉണ്ടായിരുന്ന വൈരാഗ്യം. ഇതിന്റെ പേരില്‍ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു.

പ്രതികളിൽ മൂന്നുപേർക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ട്, ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പെരിങ്ങര പഞ്ചായത്ത് 13ാം വാര്‍ഡ് മുന്‍ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button