കണ്ണൂര്‍ : തളിപ്പറമ്പ് സർ സയ്യിദ് കോളേജില്‍ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബികോം വിദ്യാർത്ഥി അസുല ഫിനാണ് മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർ ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കോളേജ് അധികൃതർക്കും പൊലീസിനും വിദ്യാർത്ഥി പരാതിയിട്ടുണ്ട്. കോളേജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരില്‍ നിന്നും റാഗിങ് പരാതി കിട്ടുന്നത്.
കഴിഞ്ഞ മാസം റാഗിങ് പരാതിയില്‍ സർ സയ്യിദ് കോളേജിലെ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദിനെ മര്‍ദ്ദിച്ചതിനായിരുന്നു അറസ്റ്റ്. ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാം വർഷ സീനിയർ പെൺകുട്ടികൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു. എന്നാൽ ഷഹസാദ് പാടാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കൂട്ടം ആൺകുട്ടികൾ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ ഷഹസാദിന് തലയ്ക്കും ചെവിക്കും പരിക്കേറ്റിരുന്നു. മർദ്ദിച്ചത് പുറത്ത് പറയരുതെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. ഷഹസാദ് കോളേജ് പ്രിൻസിപ്പളിന് പരാതി നൽകിയതോടെ പ്രിൻസിപ്പൾ പരാതി തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments