ന്യൂഡല്‍ഹി: പെട്രോളിന്റെ വില കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാരും നടപടികള്‍ ആരംഭിച്ചു. പെട്രോളിന്റെ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 19.40 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. നിലവില്‍ 103 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ഇത് 95ലേക്ക് താഴും. നേരത്തെ ഉത്തര്‍പ്രദേശിലേയും ഹരിയാനയിലേയും എന്‍സിആറുകളെക്കാള്‍ വില കൂടുതലായിരുന്നു ഡല്‍ഹിയില്‍.
പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) കുറച്ചിരുന്നു. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തര്‍പ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍,മിസ്സോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ 3 രൂപ 20 പൈസയും ഡീസലിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. ഒഡീഷ സര്‍ക്കാരും മൂന്ന് രൂപ വീതം കുറച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളും വാറ്റ് നികുതിയില്‍ ഇളവ് നല്‍കിയെങ്കിലും കേരളം നികുതി കുറയ്ക്കില്ലെന്ന നിലപാടിന് മാറ്റം വരുത്തിയിട്ടില്ല.
Post Your Comments