മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കുമെന്ന് നിർമ്മാതാക്കൾ. സ്പുട്നിക് വി, സ്പുട്നിക്ക് ലൈറ്റ് എന്നീ പ്രതിരോധ വാക്സിനുകൾ പുതിയ വകഭേദത്തെ ചെറുക്കാൻ ശേഷിയുള്ളതാണെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത് നിർമാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഒമിക്രോണുമായുള്ള വാക്സിന്റെ പ്രവർത്തനത്തെപ്പറ്റി പുതിയ പഠനങ്ങൾ ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു.
Also Read:തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി
ഇതുവരെ നിലവിൽ വന്ന വാക്സിനുകളിൽ, ജനിതകവ്യതിയാനം വന്ന വൈറസ് വകഭേദങ്ങൾക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തി കാണിക്കുന്നത് റഷ്യയുടെ വാക്സിനുകളാണ്. അതുകൊണ്ടു തന്നെയാണ് ഒമിക്രോണിനെതിരെയും ഇത് ഫലപ്രദമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി പരിപൂർണ്ണമായും ഉറപ്പു വരുത്തിയാൽ പിന്നീടവയിൽ മാറ്റം വരുത്തേണ്ട ആവശ്യം വരില്ല. അങ്ങനെയാണെങ്കിൽ, 2022 ഫെബ്രുവരിയോടെ കോടിക്കണക്കിനു സ്പുട്നിക് ഒമിക്രോൺ വാക്സിനുകൾ വിപണിയിലെത്തിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ.എ. ദ്മിത്രിയേവ് വ്യക്തമാക്കി.
ലോകത്ത് ഇതുവരെ ഉടലെടുത്ത എല്ലാ വൈറസ് വകഭേദങ്ങൾക്കും കാരണം അസന്തുലിതമായ വാക്സിൻ വിതരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിൻ വിതരണത്തിൽ വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ ഉൾപ്പെടുത്തണമെന്നും, വാക്സിൻ നിർമാതാക്കൾ യോജിച്ചു പ്രവർത്തിക്കണമെന്നും സ്പുട്നിക് മുൻപേ തന്നെ വാദിച്ചിരുന്നു. വാക്സിൻ കോംബോ ഷോട്ടുകൾ ജനിതകവ്യതിയാനം വന്ന വൈറസുകൾക്കെതിരെ നിർണായകമായ പോരാട്ടം കാഴ്ച വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments