Latest NewsKerala

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

അഹമ്മദാബാദ് : ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.

പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല‍്കി. മാസ്ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്.

ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button