ന്യൂഡൽഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടികയിൽ പേവിഷബാധയുമായി ബന്ധപ്പെട്ടുള്ള വാക്സിനുകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നായകളുടെ ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് നായകളുടെ ആക്രമണത്തിൽ ഇരയായവരുടെ നിരക്ക് 26.5 ശതമാനമായാണ് ഉയർന്നിട്ടുള്ളത്.
നായകളുടെ കടിയേൽക്കുന്നതിൽ 75 ശതമാനവും തെരുവുനായ്ക്കളുടെ ആക്രമണമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ നായ്ക്കളിൽ നിന്നും പേവിഷബാധ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, ആക്രമണം ഏറ്റാലുടൻ പേവിഷബാധ പ്രതിരോധ വാക്സിൻ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനിലൂടെ പേവിഷബാധ തടയാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ വരുന്ന അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ, അരിവാൾ രോഗത്തിനും, ഹിമോഫീലിയയ്ക്കുമുളള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ആയുഷ്മാൻ ആരോഗ്യ മന്ദിർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
Post Your Comments