മലപ്പുറം: വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകന്‍ പിടിയിൽ. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് പോക്‌സോ കേസില്‍ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യത്തിന് നേരത്തെ രണ്ടുതവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനാണ് അഷ്‌റഫ് ഇത്തവണ അറസ്റ്റിലായത്.
പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിൽ സമാനമായ കുറ്റകൃത്യം നടത്തിയതിന് 2012ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു ഇയാൾക്കെതിരായ പരാതി. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
പിന്നീട് കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിൽ ജോലിചെയ്തിരുന്ന അഷ്‌റഫിനെതിരെ 2019ല്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതിയുയര്‍ന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അഷ്‌റഫ്, വീണ്ടും സര്‍വീസില്‍ തിരികെ പ്രവേശിച്ചെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് താനൂരിലെ സ്‌കൂളില്‍നിന്നും സമാനമായ പരാതി ഉയര്‍ന്നത്. കരിപ്പൂരിലെ പോക്‌സോ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഷ്‌റഫ് വീണ്ടും സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.
Post Your Comments