ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുന്നു. 21-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. ഡിംസബര്‍ ആറിനാണ് ഉച്ചകോടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 2019 നവംബറില്‍ നടന്ന ബ്രിക്സ് സമ്മേളനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന വേദി.
ഇന്ത്യയിലെത്തുന്ന വ്ളാഡിമിര്‍ പുടിന്‍ നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ മികവുറ്റതാക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പ്രത്യേക തലം സൃഷ്ടിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റിനു പുറമെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറമേ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്റോവ്, പ്രതിരോധമന്ത്രി സെര്‍ജേയ് ഷോയിഗു എന്നിവരും ഇന്ത്യയില്‍ എത്തും. കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി സെര്‍ജി ലെവ്റോവും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി സെര്‍ജേയ് ഷോയിഗുവും കൂടിക്കാഴ്ച നടത്തും.
ഇതിന് മുന്‍പ് 2019 ലായിരുന്നു അവസാനമായി ഇന്ത്യ- റഷ്യ ഉച്ചകോടി നടന്നത്. 2019 ല്‍ റഷ്യയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടേക്ക് പോയിരുന്നു.
Post Your Comments