ജയ്പുര്‍: പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും പണവും മോഷണം പോയി. പഞ്ചനക്ഷത്ര ഹോട്ടലായ ജയ്പുരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ സ്വർണാഭരണങ്ങളാണ് വ്യാഴാഴ്ച മോഷണം പോയത്. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ചത് ഈ ഹോട്ടലിലായിരുന്നു.
ഭാടിയയുടെ കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവര്‍ താമസിച്ചിരുന്ന ഒരു മുറിയില്‍ നിന്ന് നഷ്ടപ്പെട്ടത്. അതേസമയം ഹോട്ടല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാടിയ തന്റെ പരാതിയില്‍ ആരോപിച്ചു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഹോട്ടല്‍ മാനേജ്മെന്റിനെയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ സംഭവം നടന്ന് ഇതുവരെയായിട്ടും മോഷണം സംബന്ധിച്ച് ഹോട്ടല്‍ അധികൃതര്‍ പ്രതികരണത്തിന് തയാറായിട്ടില്ല.
Post Your Comments