കായംകുളം: മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പക്കൽനിന്നു നഷ്ടപ്പെട്ട പിസ്റ്റളും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് പത്തനാപുരത്തു നിന്നു കണ്ടെത്തി. സുഹൃത്തിന്റേതെന്നു തെറ്റിദ്ധരിച്ച് കൊല്ലം പത്തനാപുരം സ്വദേശിയായ തപാൽ ജീവനക്കാരൻ ആകർഷാണ് ബാഗ് എടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് പത്തനാപുരത്തെത്തി തോക്കും തിരകളും വീണ്ടെടുത്തു.
ഗൺമാൻ കെ.രാജേഷ് തിരുവനന്തപുരത്തേക്കു പോകാനായി എറണാകുളത്തു നിന്നു കയറിയ ബസിൽ ആകർഷും സുഹൃത്തുക്കളായ മിഥുനും ജിഷ്ണുവും ഉണ്ടായിരുന്നു. രാജേഷിന്റെയും ഇവരുടെയും ബാഗുകൾ ഒരേ സ്ഥലത്താണു വച്ചത്. ആകർഷും സുഹൃത്തുക്കളും ഇതിനടുത്താണ് ഇരുന്നതും. ബസിലെ തിരക്കിൽ അസ്വസ്ഥത തോന്നിയ മിഥുൻ വൈറ്റിലയിൽ ഇറങ്ങി. കായംകുളത്ത് ഇറങ്ങിയ ആകർഷ്, മിഥുന്റേതെന്നു കരുതിയാണ് രാജേഷിന്റെ ബാഗെടുത്തത്.
എന്നാൽ, മിഥുൻ വൈറ്റിലയിൽ ഇറങ്ങുമ്പോൾ സ്വന്തം ബാഗ് എടുത്തിരുന്നു. മിഥുൻ ബാഗ് എടുത്തിരുന്നോ എന്നറിയാൻ കായംകുളത്ത് ഇറങ്ങുമ്പോൾ ആകർഷ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തൊട്ടടുത്തിരുന്ന യാത്രക്കാരൻ ബാഗ് സുഹൃത്തിന്റേതാണെന്നു പറഞ്ഞ് ആകർഷിനെ ഏൽപിച്ചു. മിഥുൻ പിറ്റേന്ന് ആകർഷിനെ വിളിച്ചപ്പോഴാണ് ബാഗ് മാറിപ്പോയെന്ന് അറിഞ്ഞത്. ബാഗ് പരിശോധിച്ചപ്പോൾ തോക്കും തിരകളും കണ്ടു. ഒപ്പമുണ്ടായിരുന്ന ഡയറിയിൽനിന്നു കിട്ടിയ ഫോൺ നമ്പറിൽ രാജേഷിനെ വിളിച്ചറിയിച്ചു.
അർധരാത്രി കഴിഞ്ഞ് കായംകുളം പൊലീസ് പത്തനാപുരം പുന്നലയിലെ ആകർഷിന്റെ വീട്ടിലെത്തി ബാഗ് കായംകുളത്ത് എത്തിച്ചു. കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തെ ബൈക്ക് പാർക്കിങ് ഏരിയയിൽ നിന്ന് ആകർഷും ജിഷ്ണുവും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധിച്ചിരുന്നു. ഇവരെപ്പറ്റി അന്വേഷിക്കാൻ തുടങ്ങുമ്പോഴാണ് ആകർഷിന്റെ വിളിയെത്തിയത്. ഇതോടെ പോലീസെത്തി ബാഗ് തിരികെ എത്തിക്കുകയായിരുന്നു.
Post Your Comments