Latest NewsKerala

ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചു, കടകംപള്ളി വിളിച്ചത് ഹോട്ടൽ മുറിയിലേക്ക്! ശ്രീരാമകൃഷ്ണൻ ചെയ്തത്- വെളിപ്പെടുത്തി സ്വപ്ന

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു – സ്വപ്ന ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകവുമായി ബന്ധപെട്ടു ഒരു ന്യൂസ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് സ്വപ്നയുടെ ഈ വെളിപ്പെടുത്തൽ.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണമാണ് സ്വപ്നാ സുരേഷ് ഉന്നയിച്ചിരിക്കുന്നത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചിരിക്കുന്നു. ‘ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല.

ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ഉണ്ടായി. കടകംപള്ളി വീട്ടിലേക്ക് വരാമെന്നും, ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാം ശിവശങ്കറിന് അറിയാം. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്.

പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെ. അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെ’ സ്വപ്ന പറഞ്ഞു. ‘ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞു. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നു’ – സ്വപ്ന പറഞ്ഞിരിക്കുന്നു.

ശ്രീരാമകൃഷ്ണൻ ഒരു കോളേജ് വിദ്യാർഥിയെപ്പോലെ ആണ് പെരുമാറിയത്. പ്രായം പോലും മറന്നാണ് തന്നോട് കാമാതുരൻ ആയത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ . തോമസ് ഐസക്ക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തന്നോട് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയത്. സ്വപ്ന സുരേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button