മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിൽ എംഎസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിർത്തിയതായി റിപ്പോർട്ട്. അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിർത്തിയത്. ഇതോടെ, അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ധോണി തന്നെ നയിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ധോണിക്കു പുറമെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയും ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുമെന്നാണ് വിവരം. ഐപിഎൽ 14–ാം സീസണിൽ ചെന്നൈ കിരീടം ചൂടുമ്പോൾ കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് ഗെയ്ക്‌വാദ്. ബിസിസിഐ ചട്ടപ്രകാരം പരമാവധി നാലു പേരെയാണ് ഒരു ടീമിനു നിലനിർത്താനാകുക.
വിദേശ താരങ്ങളുടെ ക്വോട്ടയിൽ ഇംഗ്ലിഷ് താരം മോയിൻ അലിയെയും ചെന്നൈ നിലനിർത്തിയേക്കും. താരവുമായി ചെന്നൈ അധികൃതർ ചർച്ചയിലാണ്. അലിയുമായി ധാരണയിലെത്താനായില്ലെങ്കിൽ ഇംഗ്ലിഷ് താരം സാം കറനെയാകും ചെന്നൈ നിലനിർത്തുക.
Read Also:- ഉറക്കത്തിനു നേരവും കാലവും നോക്കണോ?
അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ, ഐപിഎല്ലിലെ തന്റെ വിരമിക്കൽ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതോടെ താരം ഇത്തവണ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി. അതേസമയം, താരങ്ങളെ നിലനിർത്തുന്നതിന് പണച്ചെലവ് ഏറെയായതിനാൽ, ചില ടീമുകൾ നാലു താരങ്ങളെ നിലനിർത്തിയേക്കില്ലെന്നും സൂചനകളുണ്ട്.
Post Your Comments