നേമം: മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി ഷെർളിയുടെ മകൻ സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. പെട്രോൾ പമ്പിൽ ജോലിയ്ക്കിടെയാണ് പുഷ്പകുമാറിന് കടിയേറ്റത്. ഇയാളുടെ കൈക്കാണ് പരിക്ക്. സെലിനും വിനോദിനും കാലിനാണ് കടിയേറ്റത്. ഷെർളിയുടെ വീട്ടിലെത്തിയാണ് സെലിനെ നായ് കടിച്ചത്. വീട്ടിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള മറ്റൊരു നായ്ക്കും പേപ്പട്ടിയുടെ കടിയേറ്റു.
മാത്രമല്ല ഊരൂട്ടമ്പലം ജങ്ഷന് സമീപത്തെ റേഡിയോ പാർക്കിനു മുന്നിലുണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ഇതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. സമീപത്തെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച് കയറിയ നായ് കരിങ്കല്ലിൽ കടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയമായത്.
പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി, കാട്ടാക്കട ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ തേടി.
കടിയേറ്റ നായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് മറുകിൽ പെരുമന വാർഡ് അംഗം ബി. ഗിരീശൻ ആവശ്യപ്പെട്ടു.
Post Your Comments