നേമം: മലയിൻകീഴിലെ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. മോഷ്ടാക്കൾ നാല് കാണിക്കവഞ്ചികൾ കവർന്നു. സ്വർണപ്പൊട്ടുകളും മൂക്കുത്തിയും മോഷ്ടിച്ചു. ആൽത്തറ വാറുവിളാകം ശിവ നാഗേശ്വര ക്ഷേത്രത്തിന്റെ പ്രവേശനകവാടം കുത്തിത്തുറന്ന് മോഷ്ടാക്കൾ മൂന്ന് കാണിക്കവഞ്ചികളിലായി സൂക്ഷിച്ചിരുന്ന 20,000ഓളം രൂപയും മോഷ്ടിച്ചു.
ക്ഷേത്ര പൂജാരിയുടെ മുറി കുത്തിത്തുറന്നാണ് ഒരു ഗ്രാം വരുന്ന സ്വർണപ്പൊട്ടുകളും മൂക്കുത്തിയും മോഷ്ടിച്ചത്. എന്നാൽ ശ്രീകോവിൽ തുറക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. വെള്ളിയാഴ്ച അർധരാത്രിക്കും ശനിയാഴ്ച പുലർച്ചെ അഞ്ചിനും ഇടയിലാണ് സംഭവമെന്നാണ് സൂചന. ഒരാഴ്ച മുമ്പ് മാത്രമാണ് ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചത്.
Read Also : ആറു വയസുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി : രക്ഷയ്ക്കെത്തി അഗ്നിശമന സേന
ക്ഷേത്രത്തിൽ ദർശനത്തിന് കഴിഞ്ഞദിവസം അപരിചിതരായ മൂന്നുപേർ എത്തിയിരുന്നു. തമിഴ്നാട് തെങ്കാശി സ്വദേശികളെന്നാണ് ഇവർ ക്ഷേത്ര ജീവനക്കാരോട് പറഞ്ഞത്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അതേസമയം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കളെന്ന് കരുതുന്ന ചിലരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങൾ ക്ഷേത്ര പരിസരത്തുനിന്ന് കണ്ടെത്തി. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ അകലെയുള്ള ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മോഷ്ടാക്കൾ കൊണ്ടുപോയി.
സംഭവമറിഞ്ഞ് മലയിൻകീഴ് എസ്.ഐ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.
Post Your Comments