കുറ്റിച്ചിറ: പ്രമാദമായ സുന്ദരിയമ്മ കൊലക്കേസില്‍ അറസ്റ്റിലായി പിന്നീട് കോടതി വെറുതെ വിട്ട ജയേഷ് വീണ്ടും പോലീസ് പിടിയിൽ. കുറ്റിച്ചിറയില്‍ നിന്ന് എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ള മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ചക്കുംകടവ് നായ്പാലം സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടികളെ വളര്‍ത്തുമീന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ജയേഷ് കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൂന്നു കുട്ടികളില്‍ രണ്ട് പേര്‍ ഭയന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന് 10 വയസ്‌കാരനെ ഇയാള്‍ നിര്‍ത്തിയട്ട വണ്ടിയില്‍ കയറ്റി. പേടിച്ച കുട്ടി വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി. കുട്ടികൾ നൽകിയ മൊഴിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ് ഐക്ക് മർദനമേറ്റു: മൂന്നുപേർ പിടിയിൽ
സുന്ദരിയമ്മ കൊലക്കേസില്‍ അറസ്റ്റിലായ ജയേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ ഒന്നര വര്‍ഷത്തോളമാണ് ജയേഷ് ജയിലില്‍ കഴിഞ്ഞത്. തുടർന്ന് ജയേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന സിനിമ സംവിധാനം ചെയ്തു.
വട്ടക്കിണര്‍ സുന്ദരിയമ്മ വധക്കേസിൽ പോലീസ് അന്വേഷണം പരാജയപ്പെടുകയും പിന്നീട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുയുമായിരുന്നു. അനാഥനായ ജയേഷിനെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച കഥ കോടതിയില്‍ പൊളിഞ്ഞതോടെ ജയേഷിനെ കോടതി വെറുതെ വിട്ടു. അതേസമയം സുന്ദരിയമ്മ വധക്കേസിൽ കൊലപാതകിയെ കണ്ടെത്താൻ ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
Post Your Comments