കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വർണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിനു സമീപത്തെ എച്ച്.ആര് ദേവദാസിന്റെ വീട്ടിലാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ചശേഷം ഇവരുടെ ദേഹത്തു നിന്ന് ആഭരണങ്ങള്‍ സംഘം ഊരിയെടുക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നു. നാല്പത് പവന് സ്വർണം നഷ്ടപ്പെട്ടതായി ദേവദാസ് പറഞ്ഞു. രണ്ടു മാസം മുമ്പ് വാങ്ങിയ ഇവരുടെ ഇന്നോവ ക്രിസ്റ്റ കാറും സംഘം കടത്തികൊണ്ട് പോയി.
Read Also: തിരുവനന്തപുരത്ത് കനത്ത മഴയിൽ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
കാറില്‍ ഇരുപതിനായിരം രൂപയുണ്ടായിരുന്നതായി ദേവദാസ് പറഞ്ഞു. കൂടെ താമസിക്കുകയായിരുന്ന മകള്‍ അക്ഷിത പുറത്തുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. മൂന്നാംമൈലില്‍ താമസിക്കുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് എച്ച്.ആര് ദേവദാസ് ആരോപിച്ചു. ഭൂമിയിടപാടുമായി സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി. സതീഷ്, എ.എസ്.ഐ രാമകൃഷ്ണന് ചാലിങ്കാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments