വര്‍ക്കല: വർക്കലയിൽ ആട് പ്രസവിച്ച കുഞ്ഞിന് മനുഷ്യനോടും സാമ്യം. ഇത് കൂടാതെ പഗ്ഗ് ഇനത്തില്‍പെട്ട നായ് കുട്ടിയുടെ മുഖസാദൃശ്യവും സൂക്ഷിച്ചുനോക്കിയാല്‍ വാനരന്റെ മുഖത്തോടും സാദൃശ്യം കാണാം. മനുഷ്യക്കുഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദം. വര്‍ക്കല നഗരസഭയിലെ ആശാവര്‍ക്കര്‍ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ബേബി സുമത്തിന്റെ ആടാണ് ഈ പെണ്‍ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണിത്. ഒറ്റകുട്ടിയേ ഉള്ളൂ.
ആട്ടിന്‍കുട്ടിയുടെ നെറ്റിത്തടത്തോട് ചേര്‍ന്ന് മദ്ധ്യഭാഗത്തായാണ് രണ്ട് കണ്ണുകളും. മൂക്കിന്റെ സ്ഥാനത്ത് ചെറിയൊരു സുഷിരം മാത്രം. മേല്‍ചുണ്ട് അപൂര്‍ണമാണ്. നാവ് ഒരു വശത്തേക്ക് എപ്പോഴും തൂങ്ങിക്കിടക്കുന്നു. ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെയാണ് ഈ ആട്ടിന്‍കുട്ടി പിറന്നത്. ഇതിനെ കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ബേബി സുമത്തിന്റെ വീട്ടില്‍ എത്തുന്നു.
തള്ളയാട് മുലയൂട്ടാന്‍ വിസമ്മതിക്കുന്നതുകാരണം പാല്‍ കുപ്പിയില്‍ നിറച്ച് വീട്ടുകാര്‍ നല്‍കുകയാണ്. കുട്ടിയുടെ കൂര്‍ത്ത പല്ലുകള്‍കൊണ്ട് വേദനിക്കുന്നതുകൊണ്ടാകാം തള്ളയാട് മുലയൂട്ടുന്നതിന് വിസമ്മതം കാട്ടുന്നത്. ആട്ടിന്‍കുട്ടിക്ക് വിദഗ്ദ്ധ പരിചരണവും ചികിത്സയും നല്‍കുന്നുണ്ടെന്ന് വര്‍ക്കല മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ എസ്. ബൈജു പറഞ്ഞു. ചില അസ്വസ്ഥതകള്‍ കാട്ടുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments