റാന്നി: കാർ വാടകക്കെടുത്തശേഷം മറിച്ച വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുന്ന ഗോഡ്ലി ദേവ് (46) ആണ് പിടിയിലായത്. റാന്നി സ്വദേശിയാണ് ഇയാൾ. വടശ്ശേരിക്കര കിടങ്ങിൽ അജിലാൽ ഒരുമാസം മുമ്പ് റാന്നി പൊലീസില്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കാർ വാടകയ്ക്കെടുത്ത ശേഷം പണം നല്‍കാതെ മറിച്ചുവിൽക്കുകയായിരുന്നു. വാടകയായി 1.50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയത്. നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നല്കാന് ഗോഡ്ലി തയാറായില്ല. തുടർന്ന് അജിലാല്‍ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഗോഡ്ലി മുങ്ങുകയായിരുന്നു. പലതവണ ഇയാൾ കാർ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ്.ഐ എസ്.ടി. അനീഷ് പറഞ്ഞു. ഇതേ കാർ വാടകക്ക് കൊടുത്ത് ലഭിച്ച 1.50 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Also: രോഗിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
അതേസമയം എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനത്തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ വേറെയും വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയുടെ പക്കൽ നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്. ഇയാൾക്കെതിരെ പത്തോളം പരാതികൾ ലഭിച്ചതായും എസ്.ഐ പറഞ്ഞു.
Post Your Comments