തിരുവനന്തപുരം: മാരക ലഹരിമരുന്നായ എംഡിഎം എയുമായി മൂന്ന് പേര് പിടിയിൽ. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ തുമ്പ സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍ ലിയോണ്‍ ജോണ്സന് എന്ന അജിത്ത് (29), കഴക്കൂട്ടം, കിഴക്കുംഭാഗം നേതാജി ലൈനില്‍ എസ്.എല്‍ ഭവനില്‍ വിജീഷ് എന്ന സാത്തി സന്തോഷ് (34), പാറശ്ശാല, എടക്കോട് മലൈകോട് തട്ടാന്‍വിളാകം വീട്ടില്‍ വിഷ്ണു(21 ) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് അറസ്റ്റിലായ പ്രതികളിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണ് സംഘത്തിലെ പ്രധാനിയായ ലിയോണ്‍ ജോണ്സണ്. കജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വാടകവീടെടുത്ത് ലഹരിമരുന്ന് കച്ചവടം ചെയ്തിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനംകുളം പോലീസ് എംഡിഎംഎയും നാടന്‍ ബോംബുകളുമായി പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു.
ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കുന്നതിന് നേരത്തേ ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബാംഗ്ലൂരില്‍നിന്നാണ് ലിയോണ്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. യാൾക്കൊപ്പം പിടിയിലായ വിജീഷ് ദേശീയപാതയില്‍ പള്ളിപ്പുറത്ത് വെച്ച് സ്വര്‍ണവ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലെ പ്രധാനപ്രതിയാണെന്നും കഴക്കൂട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവില്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Post Your Comments