തിരുവനന്തപുരം: വനം മന്ത്രി അറിയാതെ മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയത് വിവാദമാകുന്നു. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്.
ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുകയെന്നത് തമിഴ്‌നാട് ഏറെ കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാല്‍ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്‌നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തല്‍ തിരിച്ചടിയാകും.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മരംമുറി അനുമതി നല്‍കിയ കേരളത്തിന് നന്ദിയറിയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ലെന്നായിരുന്നു മന്ത്രിതല സംഘത്തിലെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈമുരുകന്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഇതിനിടെയാണ് അനുമതി നൽകിയിരിക്കുന്നത്.
Post Your Comments