ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി പോലീസ്. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെ വധഭീഷണി ഉൾപ്പെടെ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഡോ. രമണ റാവുവിനും ഡോക്ടറുടെ ബംഗ്ലൂരുവിലെ വസതിക്കും
പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
ഒക്ടോബർ 29നാണ് കർണാടകയിലെ ജനങ്ങളെ വിഷമത്തിലാഴ്ത്തി പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46-കാരനായ പുനീതിന്റെ മരണം. നടന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മറ്റ് മൂന്ന് പേർ പുനീതിന്റെ മരണ വാർത്ത അറിഞ്ഞ് ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് പുനീതിന്റെ മരണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. മുൻ നിശ്ചയ പ്രകാരം മരണശേഷം പുനീത് കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ഇതേതുടർന്ന് ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Post Your Comments