Latest NewsKeralaNews

പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി; അറസ്റ്റ്, കാരണം വെളിപ്പെടുത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സേവ്യറിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആരോപണം ഇയാൾ നിഷേധിച്ചതിനെ തുടർന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സേവ്യർ കുടുങ്ങുകയായിരുന്നു.

തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുൻപാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. ഫോൺ നമ്പർ സഹിതം ജോസഫ് ജോണി എന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കതൃക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. തുടർന്ന് ജോണിയെ ചോദ്യം ചെയ്തെങ്കിലും കത്ത് തന്റേതല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. നാട്ടുകാരനായ സേവ്യറിനെതിരെ പൊലീസിനോട് സംശയം പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button