
തളിപ്പറമ്പ്: കോവിഡ് സമയത്ത് ദേശീയാരോഗ്യ ദൗത്യം (എൻ.എച്ച്.എം) ആരോഗ്യ മേഖലയിൽ നിയമിച്ചവരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. കോവിഡിന് അൽപം കുറവ് വന്നതോടെയായിരുന്നു ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടൽ.
ഫാർമസി, ലാബ്, ശുചീകരണം തുടങ്ങിയ മേഖലയിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിയമിച്ച 22000ത്തോളം പേരെയാണ് ഘട്ടം ഘട്ടമായി കഴിഞ്ഞ ഒക്ടോബർ 31ഓടെ പൂർണമായി പിരിച്ചുവിട്ടത്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ താലൂക്ക് ആശുപത്രിയിലുള്ള ജീവനക്കാർ വരെ പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതോടെയാണ് ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമായത്.
ഇതേ തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ ഒരാഴ്ചയായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയിരിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ മരുന്നിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായി പരാതിയുണ്ട്. മൂന്ന് കൗണ്ടറുകളിലൂടെയാണ് മരുന്ന് വിതരണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഒറ്റ കൗണ്ടറിൽ മാത്രമാണ് വിതരണം നടക്കുന്നത്. ഇത് പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ട സ്ഥിതിയുണ്ടാക്കുന്നു. മാത്രമല്ല മണിക്കൂറുകൾ ക്യൂവിൽ നിന്നാലാണ് ചില മരുന്നുകൾ കൗണ്ടറിൽ ലഭ്യമല്ലെന്ന് അറിയുന്നത്. ഇത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
നേരത്തെ വൈകീട്ട് ആറുവരെ ഉണ്ടായിരുന്ന മരുന്ന് വിതരണം ഇപ്പോൾ നാലിന് മുമ്പ് നിർത്തുന്നതും ഉച്ചക്ക് ശേഷം അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ദുരിതമാവുകയാണ്. ഈ ദുരിതത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
Post Your Comments