കോട്ടയം : എംജി സർവകലാശാലയ്ക്ക് മുന്നിൽ ഗവേഷക വിദ്യാർത്ഥിനി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിദ്യാർഥിനിക്ക് നീതി നിഷേധിക്കാനായി ഒരു ലോക്കൽ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളും നടപടികളുമാണ് ഉത്തരവാദിത്തപ്പെട്ട സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ എടുത്തിരിക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
ഒരു ദലിത് വിദ്യാർഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരിൽ ഇടതുപക്ഷം പൊഴിച്ച കണ്ണീര്‍ ആത്മാർഥതയില്ലാത്തതാണ്. വിദ്യാർഥിനിക്ക് അനുകൂലമായ ഉത്തരവുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ നിൽക്കുമ്പോൾ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താല്പര്യങ്ങൾ മുൻനിർത്തിയാണ് സർവകലാശാലയിൽ നടപടികൾ എടുത്തിരിക്കുന്നത്. പ്രശ്നം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read Also : സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി വീണ ജോര്‍ജ്
അതേസമയം, കൊടിക്കുന്നിൽ സുരേഷ് എംപി വിദ്യാർത്ഥിനിയെ കാണാൻ സമര പന്തലിൽ എത്തിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് കൊടിക്കുന്നിൽ സമര പന്തലിൽ എത്തിയത്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കാൻ കഴിയാവുന്നത് ചെയ്യുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
Post Your Comments