
ചെന്നൈ: സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമർശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമർശനമുയർന്നിരിക്കുന്നത്.
പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരിൽ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കിൽ സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡക്കാർ നിങ്ങളെ തല്ലണം എന്നും ട്വിറ്ററിൽ ചോദ്യമുയരുന്നു.
Read Also: ‘വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ’: മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ
തമിഴ് ,തെലുങ്ക് പതിപ്പുകളിൽ മാത്രമാണ് ഹിന്ദിയിൽ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാൻ പറയുകയും ചെയ്യുന്നത്. എന്നാൽ സിനിമയുടെ ഹിന്ദി ഡബ്ബിൽ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്. സിനിമയുടെ രംഗത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.
Post Your Comments