Latest NewsCricketNewsSports

ടി20 ലോകകപ്പ്: ലങ്കയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

ഷാർജ: ടി20 ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ബർത്തുറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് പവര്‍പ്ലേയില്‍ 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറി. തുടർന്ന് ശേഷം മാന്യമായ സ്‌കോറിലെത്തുകയും എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ഓപ്പണര്‍ ജെയ്‌സന്‍ റോയ് (9), മധ്യനിര താരങ്ങളായ ഡേവിഡ് മലാന്‍ (6), ജോണി ബെയര്‍സ്‌റ്റോ(0) എന്നിവരെ നഷ്ടമായി 5.2 ഓവറില്‍ മൂന്നിന് 35 എന്ന നിലയില്‍ പതറിയിടത്തു നിന്ന് ബട്‌ലറും നായകന്‍ ഓയിന്‍ മോര്‍ഗനും ചേർന്നാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18ാം ഓവറിന്റെ രണ്ടാം പന്തില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ മോര്‍ഗന്‍ പുറത്തായെങ്കിലും ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറിനു പറത്തി ബട്‌ലര്‍ തന്റെ കന്നി ടി 20 സെഞ്ചുറി നേടി ടീമിനെ 160 കടത്തി. അവസാന 10 ഓവറില്‍ 116 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

ലങ്കയ്ക്കു വേണ്ടി നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് തിളങ്ങിയത്. ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ അവസാനിക്കും മുമ്പേ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ അവര്‍ 11ാം ഓവറില്‍ അഞ്ചിന് 76 എന്ന നിലയിലേക്ക് തകര്‍ന്നതാണ്.

എന്നാല്‍ ആറാം വിക്കറ്റില്‍ നായകന്‍ ദസുന്‍ ഷനകയും മധ്യനിര താരം വാനിന്ദു ഹസരങ്കയും ചേര്‍ന്ന് ടീമിനെ കരകയറ്റി. 53 റണ്‍സ് കൂട്ടിച്ചേര്‍ ഇരുവരും ലങ്കയ്ക്ക് വിജയപ്രതീക്ഷയും നല്‍കി. എന്നാല്‍ സ്‌കോര്‍ 16.5 ഓവറില്‍ 129ല്‍ നില്‍ക്കെ ഹസരങ്ക സ്പിന്നര്‍ ലിയാം ലിവിങ്സ്റ്റണിന്റെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 21 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 34 റണ്‍സാണ് ഹസരങ്ക നേടിയത്.

Read Also:- ഡോണി വാൻ ഡെ ബീകിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ

തൊട്ടടുത്ത ഓവറില്‍ ഷനകയെ(25 പന്തില്‍ 26) ബട്‌ലര്‍ റണ്ണൗട്ടാക്കുകയും ചെയ്തതോടെ ലങ്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഓരോ വിക്കറ്റുകളുമായി ക്രിസ് വോക്‌സ്, ലിവിങ്സ്റ്റണ്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button