ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ദശലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും ശേഷം ലോകത്ത് ഏറ്റവും അധികമാളുകളുടെ ജീവനെടുത്ത മൂന്നാമത്തെ രോഗമായി മാറിയിരിക്കുകയാണ് കൊവിഡ്-19.ലോകത്തെ ദരിദ്ര രാജ്യങ്ങളെ മാത്രമല്ല, അതിസമ്പന്നമായ രാജ്യങ്ങളിലെയും ആരോഗ്യസംവിധാനത്തിൽ മികവ് പുലർത്തുന്ന രാഷ്‌ട്രങ്ങളിലെയും നിരവധി ജീവനുകളാണ് മഹാമാരിയെ തുടർന്ന് ഇല്ലാതായത്.
മരണസംഖ്യയിലെ പകുതിയിലധികവും യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൺ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പേർ കൊറോണയ്‌ക്ക് കീഴടങ്ങിയിട്ടുണ്ട്. ലോകത്തിലേറ്റവുമധികം പേർ വൈറസ് ബാധിച്ച് മരിച്ചതും യുഎസിലാണ്. 7,45,800 മരണം അമേരിക്കയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.കൊറോണയിൽ തന്നെ ഡെൽറ്റ വകഭേദമാണ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ആദ്യത്തെ 25 ലക്ഷം പേർ മരിച്ചത് ഒരു വർഷത്തോളം സമയമെടുത്താണെങ്കിൽ ശേഷിക്കുന്ന 25 ലക്ഷം പേർ മരിച്ചത് വെറും 236 ദിവസത്തിനുള്ളിലാണെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് പ്രതിദിനം 8,000ത്തോളം കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നുവെന്നും ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നുവെന്നുമാണ് കണക്ക്.
അഞ്ച് ദശലക്ഷം മരണമെന്ന കണക്ക് തീർച്ചയായും യഥാർത്ഥ മരണനിരക്കിനേക്കാൾ കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല ദരിദ്ര രാജ്യങ്ങളിലും രോഗികൾക്ക് കൊറോണയാണ് പിടിപെട്ടത് എന്നുപോലും തിരിച്ചറിയാതെ, ചികിത്സ ലഭിക്കാതെ, ആരോഗ്യസേവനങ്ങൾ പ്രാപ്തമാകാതെ മരിച്ചുപോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കണക്കിൽപ്പെടാത്ത ഇത്തരം സംഭവങ്ങൾ കൂടി പരിഗണിക്കുമ്പോൾ അമ്പത് ലക്ഷമെന്നത് ഒരു ഏകദേശ സംഖ്യ മാത്രമായിരിക്കുമെന്ന് കരുതുന്നു.
മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ഉയർന്നുവന്ന കൊറോണ മഹാമാരി 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച ആരോപണങ്ങളും ലാബ് ലീക്ക് തിയറിയുമെല്ലാം രോഗം റിപ്പോർട്ട് ചെയ്ത് രണ്ട് വർഷത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്.
Post Your Comments