കബൂൾ: താലിബാൻ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിൽ കുടുംബങ്ങൾ. കൂട്ടുകാരോടൊപ്പം കാട്ടിലും മേട്ടിലും കളിച്ചു നടന്ന് വൈകുന്നേരങ്ങളിൽ വീടണയുമ്പോൾ തങ്ങളെ വിവാഹം കഴിക്കാൻ വന്നു നിൽക്കുന്ന വൃദ്ധരെ കണ്ട് ഇവർ വാവിട്ട് നിലവിളിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ ജീവിതങ്ങളെ അത്രമേൽ തകർത്തു കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Read Also:കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങി ബൈഡൻ: വീഡിയോ വൈറൽ
വിവാഹം കഴിച്ച് കൊണ്ടു പോകുന്നവർ തങ്ങളെ ഉപദ്രവിക്കുമെന്ന ഭയമാണ് പത്ത് വയസ്സു പോലും തികയാത്ത ഈ കുഞ്ഞുങ്ങൾക്ക്. എന്നാൽ തങ്ങൾക്ക് ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഇവരുടെ മാതാപിതാക്കൾ പറയുന്നത്. താലിബാൻ ഭരണമേറ്റതോടെ അന്താരാഷ്ട്ര സഹായം നിലച്ചതും ഇവരുടെ ജീവിതങ്ങൾ ദുരിതത്തിലാക്കിയിരിക്കുന്നു.
പ്രതിദിനം കുട്ടികളെ വിൽക്കുന്ന മാതാപിതാക്കളുടെ എണ്ണവും വർദ്ധിക്കുകയാണ്. പല അഭയാർത്ഥി ക്യാമ്പുകളിലെയും അവസ്ഥ ദയനീയമാണ്. പുരുഷന്മാർക്ക് ജോലിയില്ല. സ്ത്രീകൾ ഭിക്ഷയെടുത്താണ് ഇവിടങ്ങളിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിക്കുന്നത്. പലപ്പോഴും പെൺകുട്ടികൾക്ക് പകരമായി ഇവർക്ക് ലഭിക്കുന്നത് ആടും റൊട്ടിയുമൊക്കെയാണ്.
ഹൃദയഭേദകമായ കാഴ്ചകൾക്കാണ് പല കൂടാരങ്ങളും സാക്ഷ്യം വഹിക്കുന്നത്. യജമാനന്മാരുടെ ഒപ്പം പോകാൻ മടിക്കുന്ന പെൺകുട്ടികളെ പലപ്പോഴും നിറകണ്ണുകളോടെ മാതാപിതാക്കൾ തള്ളി വിടുന്നു. അവരെ ഉപദ്രവിക്കരുത് എന്ന് മാത്രമാണ് ആ നിസ്സഹായർക്ക് പറയാൻ സാധിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ കുറഞ്ഞ വിവാഹ പ്രായം പതിനഞ്ച് വയസ്സാണ്. എന്നാൽ എട്ട് വയസ്സ് മുതൽ പ്രായമുള്ള കുഞ്ഞുങ്ങളെ പലരും സ്വതന്ത്രമായി വിവാഹം കഴിക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലേറെയും ഭക്ഷ്യദൗർലഭ്യവും പട്ടിണിയും അനുഭവിക്കുന്നു എന്നാണ് കണക്ക്. പലപ്പോഴും മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് ഭീകരർ പെൺകുഞ്ഞുങ്ങളെ ബലമായി പിടിച്ചു കൊണ്ട് പോകുന്നു. രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ വിറ്റ സംഭവം വരെ ഉണ്ടായിട്ടുള്ളതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments