കോട്ടയം: നാർക്കോട്ടിക് ജിഹാദ് എന്ന വിവാദ ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണെന്നും അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും എന്ന് പ്രസംഗത്തിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞിരുന്നു.
ബിഷപ്പിന്റെ ആരോപണത്തെ തുടർന്ന് രാഷ്ട്രീയ മത സംഘടനകൾ ചേരിതിരിഞ്ഞ് വിവാദപരമായ പല പ്രസ്താവനകൾ നടത്തുകയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ ബിഷപ്പിന്റെ വെളിപ്പെടുത്തലിനെതിരായി പ്രസ്താവന ഇറക്കുകയും ചെയ്തു.
Post Your Comments