എറണാകുളം: മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തിൽപ്പെട്ട് മരിച്ചു. എറണാകുളത്ത് വച്ച് ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. സഞ്ചരിക്കുന്നതിനിടയിൽ ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അപകട സമയത്ത് നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 വർഷത്തെ മിസ്സ് കേരളയായിരുന്നു മരണപ്പെട്ട അൻസി കബീർ. അതേ വർഷം തന്നെ റണ്ണറപ്പായിരുന്നു അഞ്ജനയും.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments