ലക്നൗ: ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലുള്ള സർക്കാർ സ്‌കൂളിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും മറ്റു രണ്ട് വിദ്യാർത്ഥികളും ചേർന്ന് മർദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മർദ്ദനമേറ്റത്.
വിദ്യാർത്ഥികൾ അധ്യാപകനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്ന് അധ്യാപകൻ പറഞ്ഞതോടെ വിദ്യാർത്ഥികൾ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷം മർദ്ദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതിന് ശേഷം അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാർത്ഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തതെന്നും കുറ്റക്കാരായ മറ്റു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments