ഖാര്‍ത്തൂം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈനിക അട്ടിമറിയിലൂടെ ഇടക്കാല സര്‍ക്കാരില്‍ നിന്നും സൈന്യം ഭരണം പിടിച്ചെടുത്തു. ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭരണം പിടിച്ചെടുത്തത്. സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
ഏകാധിപതിയായ ഒമര്‍ അല്‍ ബഷീറിന്റെ 30 വര്‍ഷത്തെ ഭരണം അവസാനിച്ചതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാന്‍ ജനതയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് സൈനിക നീക്കം. അതേസമയം ഖാര്‍ത്തൂം വിമാനത്താവളം അടച്ചു. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും സൈനികമേധാവി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ പിരിച്ചു വിട്ടു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീര്‍ ആണ് കൗണ്‍സിലിന് രൂപം നല്‍കിയത്. അതേസമയം നിലവിലെ പ്രധാനമന്ത്രി അബ്ദല്ല ഹംദോകിന് മാത്രമേ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുള്ളൂവെന്ന് സുഡാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു.
Post Your Comments