ഇക്കഴിഞ്ഞ മാർച്ച് ഒൻപതിന് കൊല്ലത്ത് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ വാർത്ത ഏറെ ചർച്ചയായിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവം കഴിഞ്ഞിട്ട് മാസങ്ങളാകുന്നു. കുഞ്ഞിന്റെ അമ്മയായ ദിവ്യ ജോണിക്ക് ഇടയ്ക്കിടക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്നും ഒരുതവണ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പിന്നീട് വാർത്തകൾ വന്നു. ദിവ്യ അനുഭവിച്ചിരുന്നത് പോസ്റ്റ്പോർട്ടം എന്ന മാനസിക പ്രശ്നമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ എന്ന കുപ്രസിദ്ധിയാണ് തനിക്ക് ഇപ്പോൾ ഉള്ളതെന്ന് ദിവ്യ കണ്ണീരോടെ പറയുന്നു. കൊലപാതകിയെന്ന് സമൂഹം മുദ്രകുത്തുമ്പോഴും ദിവ്യയ്ക്ക് പറയാനുള്ളത് താൻ എങ്ങനെ ഒരു കൊലപാതകി ആയി, ആ അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിച്ച ജീവിതസാഹചര്യങ്ങൾ എന്തൊക്കെ എന്നതിനെകുറിച്ചാണ്. മാധ്യമപ്രവർത്തകനായ ഐപ്പ് വള്ളിക്കാടനാണ് ദിവ്യയ്ക്ക് പറയാനുള്ളതും അവളുടെ അനുഭവകഥയും ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചത്.
Also Read:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 5.25 കിലോ സ്വർണം പിടികൂടി
വിവാഹ മോചിതനായ ഒരു ഡോക്ടറെ അമ്മയുടെ അർബുദ രോഗ ചികിത്സയ്ക്കിടെ പരിചയപ്പെട്ട് ആണ് ദിവ്യ വിവാഹം കഴിച്ചത്. ക്രിസ്ത്യാനിയായിട്ടും ഭർത്താവിന്റെ മതാചാരപ്രകാരമായിരുന്നു വിവാഹം കഴിഞ്ഞതെന്ന് ദിവ്യ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ദിവ്യയുടെ ജീവിതം മാറ്റിമറിച്ചത് വിവാഹത്തിന് ശേഷമായിരുന്നു. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ താൻ തീർത്തും ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞിരുന്നതെന്ന് ദിവ്യ ഓർത്തെടുക്കുന്നു. ഗർഭിണിയായപ്പോൾ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചെങ്കിലും താൻ അംഗീകരിച്ചില്ലെന്ന് ദിവ്യ പറയുന്നു. പ്രസവസമയത്ത് പോലും ആരുമുണ്ടായിരുന്നില്ലെന്ന് ദിവ്യ പറയുന്നു. സിസേറിയൻ കഴിഞ്ഞ് നാലാം നാൾ ഭർതൃവീട്ടിൽ എത്തിയെങ്കിലും തനിക്ക് വേണ്ട യാതൊരു പരിഗണനയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ദിവ്യ പറയുന്നു.
‘ഒരു കുഞ്ഞ് അമ്മയുടെ മാത്രം ഉത്തരവാദിത്വം അല്ല. ആ കുഞ്ഞ് ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും അതിനെ ഒന്ന് എടുക്കുകയോ കളിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാൾ മരിച്ചുകഴിഞ്ഞപ്പോൾ എന്തിനു ഇത്രയും വിഷമം അഭിനയിച്ചു? സിസേറിയൻ കഴിഞ്ഞെത്തിയപ്പോഴാണ് ആ വീട്ടിലുള്ളവർ പോലും കുഞ്ഞിനെ ആദ്യമായി കണ്ടത്. അവഗണനകളായിരുന്നു എന്നും. ഒറ്റപ്പെട്ടു പോയിരുന്നു. എല്ലാവരോടുമുള്ള ദേഷ്യം കുഞ്ഞിനോട് കാണിച്ച് തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ മാനസികമായ സമ്മർദ്ദങ്ങൾ മൂലം അസുഖം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കഗുളികൾ കഴിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥ.
ഭ്രാന്തമായ ഒരു നിമിഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ കൊണ്ടുപോയി ഇട്ടു. അത് കയ്യും കാലും ഇട്ട് അടിക്കുന്നത് കണ്ടപ്പോൾ ഓടിപ്പോയി എടുത്തു. കുഞ്ഞിനെ തോർത്തി, കട്ടിലി ൽ കൊണ്ടുവന്നു കിടത്തി. കുറെ നേരം കൊച്ചിനെ കെട്ടിപ്പിടിച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് എന്റെ മൈൻഡ് വീണ്ടും മാറി. കുഞ്ഞിന്റെ ചെറിയ തലയണ എടുത്ത് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു. എപ്പോഴോ വീണ്ടും ബോധം തിരിച്ച് വന്നു. അപ്പോഴേക്കും കുഞ്ഞിന്റെ ശ്വാസംനിലച്ചിരുന്നു. ആരെ വിളിക്കണം എന്നറിയാതെ ആയി. ഭർത്താവിനെയും അച്ഛനെയും വിളിക്കണം എന്നായിരുന്നു. പക്ഷെ എന്നെ അവർ അടിച്ചുകൊന്നുകളയുമെന്ന് ഓർത്ത് വിളിച്ചില്ല. പിന്നെ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അവർ ആംബുലൻഡ് വിട്ടു. അതിനുമുന്നെ അച്ഛനും അടുത്തവീട്ടിലെ ചേച്ചിയും കൂടെ എത്തി, ഞങ്ങൾ കൊച്ചിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അന്നാണ് ഞാൻ കൊച്ചിനെ അവസാനമായി കണ്ടത്. ഒരു പൊലീസുകാരി വന്നിട്ട് ചോദിച്ചു ‘എന്തിനാ കൊച്ചിനെ അങ്ങനെ ചെയ്തേ’, ഞാൻ പറഞ്ഞു ‘കൊച്ചിനെ കൊല്ലാൻ വേണ്ടിയിട്ട് ചെയ്തതാ’. ‘ആ എന്നാ കൊച്ച് ചത്തുപോയി’ എന്നായിരുന്നു അവർ തിരിച്ച് പറഞ്ഞത്. പിന്നെ കുഞ്ഞിനെ കാണാൻ എന്നെ സമ്മതിച്ചില്ല. തല നിറച്ചും മുടിയും നുണക്കുഴിയും ഒക്കെയുള്ള ഒരു സുന്ദരിവാവയായിരുന്നു. എന്റെ കൈകൾ നോക്കി ഞാൻ തന്നെ ചോദിക്കാറുണ്ട്, ഈ കൈ വെച്ചാണോ ഞാനെന്റെ കുഞ്ഞിനെ കൊന്നത് എന്ന്. അവളൊരുങ്ങിക്കെട്ടി നടക്കുന്നത് കണ്ടോ, ഒരു കുഞ്ഞിനെ കൊന്ന് കളഞ്ഞിട്ട് എന്നൊക്കെയാണ് എന്നെ കാണുമ്പോൾ പലരും പറയുന്നത്. ഇനിയൊരു കുഞ്ഞ് എനിക്ക് പേടിയാണ്. ഇനിയൊരു മോനും മോളും ഉണ്ടായാൽ അതിനെ ഞാൻ എന്തെങ്കിലും ചെയ്തുപോയാലോ എന്ന ഭയമാണ്’, ദിവ്യ കണ്ണീരോടെ പറയുന്നു.
Post Your Comments