പരപ്പനങ്ങാടി: സമയം വൈകിട്ട് 6 മണി. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിവില്ലാത്ത വിധം വലിയ സന്നാഹങ്ങളോടെ പൊലീസുകാരെ കണ്ടതോടെ യാത്രക്കാരും അമ്പരപ്പിലായി. കോയമ്പത്തൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിറുത്തിയതിന് തൊട്ടുപിന്നാലെ പൊലീസുകാര്‍ രണ്ടുപേരെ ഓടിച്ചിട്ട് പിടികൂടി വാഹനത്തില്‍ കയറ്റികൊണ്ടുപോയി. കാര്യമറിയാതെ കാഴ്ച്ചക്കാര്‍ ആകാംക്ഷയില്‍ ഇരിക്കുമ്പോഴാണ് യഥാര്‍ത്ഥ വിവരം പൊലീസ് പുറത്തുവിടുന്നത്.
തോക്കുമായി രണ്ടുപേര്‍ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് കാത്തുനിന്നത്. ട്രെയിന്‍ വന്നയുടനെ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ഓടി പോകാന്‍ ശ്രമിച്ചു . എന്നാൽ പോലീസ് ഇവരെ പിടികൂടി. ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്.
ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ അത്യാധുനിക രീതിയിലുള്ള തോക്ക് കണ്ടെടുത്തു. എന്നാൽ പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസിലായി. ഇതോടെ യുവാക്കളെ വിട്ടയക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കിയതാണോ അതോ കളിത്തോക്ക് കണ്ട് തെറ്റിദ്ധരിച്ചതാണോ എന്ന കാര്യം അന്വേഷിക്കുകയാണ് പൊലീസ്.
Post Your Comments