തിരുവനന്തപുരം : മാനസിക വൈകല്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വർഷവും മൂന്ന് മാസവും കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണന്തലയ്ക്ക് സമീപം ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുക (47) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.
കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. സംഭവത്തോട് അനുബന്ധിച്ച് കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസ്സിലാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. അതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.
Read Also : ആന്‍ഡ്രോയിഡ് 4.1നു മുന്‍പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല!
2018 ഒക്ടോബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി തൻ്റെ വീട്ടിനുള്ളിൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടി ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പ്രതി വീണ്ടും ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു. കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞില്ല. എന്നാൽ, പ്രതി വീണ്ടും പീഡിപ്പിക്കാൻ വിളിച്ചപ്പോൾ കുട്ടി അമ്മയോട് പറഞ്ഞു. ഇതോടെ ഇവർ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹനാണ് കോടതിയിൽ ഹാജരായത്.
Post Your Comments