News

ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍, പിന്നെ സുഹൃത്തിന്റെ ഭാര്യ,ഒടുവില്‍ അനുപമ:അജിത്താണ് യഥാര്‍ത്ഥ വില്ലനെന്ന് അന്ന ബെന്നി

ഇതിലെനിക്ക് പങ്കില്ലെന്നമട്ടില്‍ 'ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ' എന്ന ഭാവത്തില്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന അയാളല്ലെ ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍.?

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലേയും ചാനലുകളിലേയും പ്രധാന വാര്‍ത്തകള്‍ അനുപമയും കുഞ്ഞിനെ ദത്തെടുക്കലും ജയചന്ദ്രനും കുടുംബവുമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ അനുപമയുടെ വീട്ടുകാരാണോ തെറ്റുകാര്‍ ? 19 വര്‍ഷം അവള്‍ക്കു വേണ്ടി ജീവിച്ച് അവളുടെ ഇഷ്ടങ്ങള്‍ നടത്തി കൊടുത്ത അനുപമയുടെ കുടുംബത്തെയാണ് പലരും കുറ്റപ്പെടുത്തിയത്. കഥയറിയാതെ ആട്ടം കാണുന്നവരായിരുന്നു പലരും. അച്ഛനില്ലാത്ത കുഞ്ഞിന്റെ മാതൃത്വം പേറിയ സ്വന്തം മകളെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ അവര്‍ ചെയ്ത കുറ്റം. കഥാകൃത്ത് അന്ന ബെന്നി ചോദിക്കുന്നു. ഏതൊരു മാതാപിതാക്കളും ചെയ്യുന്ന കാര്യമേ അവരും ചെയ്തുള്ളൂവെന്നും അന്ന പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവരും വീരാളിപ്പട്ട് ആദരിച്ച അജിത് എന്ന കാപാലികന്റെ തനിനിറം അന്ന തുറന്നുകാട്ടിയിരിക്കുന്നത്.

Read Also : അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകില്ലെന്ന് സൂചന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

‘കുറച്ചുദിവസങ്ങളായി പത്രങ്ങളിലും ചാനലുകളിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്നത് നഷ്ടപ്പെട്ട കുഞ്ഞിനെ അന്വേഷിക്കുന്ന അമ്മയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. അതിനെപ്രതി, എല്ലാവരും
ആ അമ്മയേയും, അവളില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തിമാറ്റിയെന്ന് ആരോപിക്കപ്പെടുന്ന വീട്ടുകാരെയും കുറ്റപ്പെടുത്തുന്നതും കേട്ടു.

‘ഭാര്യയും രണ്ടു മക്കളുമുള്ള ഒരാളെത്തന്നെ വേണമായിരുന്നോ അവള്‍ക്ക്’ എന്ന ചോദ്യമാണ് നമ്മളില്‍ ആദ്യം ഉണ്ടാകുന്നത്. പക്ഷേ രണ്ടു മക്കളും ഭാര്യയും ഉണ്ടെന്ന് ആദ്യം ഓര്‍മിക്കേണ്ടത് ആരായിരുന്നു.? പ്രണയത്തില്‍കുരുക്കി ആദ്യം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു, അതില്‍ രണ്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. ആ ബന്ധം നിലനില്‍ക്കെത്തന്നെ സുഹൃത്തിന്റെ ഭാര്യയെ വളയ്ക്കുന്നു, പിന്നെ മൂന്നാമതൊരുവളിലേക്ക് പുതിയബന്ധം വളര്‍ത്തുന്നു. അവളുടെ വയറ്റിലും ഒരു കുഞ്ഞിനെ സമ്മാനിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഒരു പാവത്തെപ്പോലെ, ഇതിലെനിക്ക് പങ്കില്ലെന്നമട്ടില്‍ ‘ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ’ എന്ന ഭാവത്തില്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന അയാളല്ലെ ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍.?

ഇപ്പോള്‍ കുഞ്ഞിനെത്തേടുന്ന ആ പെണ്‍കുട്ടി, അവന്‍ അമ്മയാക്കുമ്പോള്‍ പ്രായം വെറും പത്തൊന്‍പത് വയസ്. എവിടെനിന്നു കിട്ടിയാലും, എത്ര കിട്ടിയാലും ഞാന്‍ കഴിക്കും, എത്ര പാത്രത്തില്‍ നിന്ന് ഉണ്ണുന്നുവോ ആ എണ്ണം കൂട്ടുന്നതാണ് യഥാര്‍ത്ഥ പുരുഷ ലക്ഷണം, എന്ന് കരുതുന്ന വിഡ്ഡികളുടെ ഗണത്തിലെ ഒരാള്‍ മാത്രമാണ് ഈ കഥയിലെ നായകന്‍.

യഥാര്‍ത്ഥത്തില്‍ ഇത് മൃഗലോകത്തിന്റെ നീതിയാണ്. സവിശേഷ ബുദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന് അഹങ്കരിക്കുന്ന മനുഷന് ഇക്കാര്യം ഭൂഷണമാണോ.?

ഇനി അവളുടെ കാര്യമെടുത്താല്‍ പ്രണയിക്കുമ്പോള്‍ നമ്മള്‍ പങ്കാളിയുടെ നന്മകള്‍ മാത്രമേ കാണുകയുള്ളൂ. അതും അങ്ങനെയൊരു പ്രായത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ അവന്‍ പെരുമാറേണ്ടിയിരുന്നു. കുറഞ്ഞപക്ഷം ഒരു കുഞ്ഞിനെ സമ്മാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.

ഈ പറഞ്ഞതിനര്‍ത്ഥം അവള്‍ തെറ്റുകാരിയല്ലെന്നല്ല. രണ്ട് പെണ്‍കുട്ടികളുള്ള ഒരു മാതാവിനോട് അവള്‍ ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കപ്പെടാത്ത ഒന്നുതന്നെ. എന്നാല്‍ അവള്‍ മാത്രമാണ് തെറ്റുകാരി എന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല

പത്തൊന്‍പതുകൊല്ലം അവളെ സ്‌നേഹിച്ചു വളര്‍ത്തിയ ആ കുടുംബം തെറ്റുകാരാണോ.? അവളുടെ മുന്നില്‍ വലിയൊരു ഭാവിയില്ലെ. ഏതു തരത്തില്‍ ചിന്തിച്ചാലാണ് തങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടിക്ക് അവന്‍ അനുയോജ്യനായ വരനാകുക.? ആ അച്ഛന്‍ നിസ്സഹായനല്ലേ, ഇത്തരം സ്വഭാവദൂഷ്യമുള്ള ഒരുവനില്‍നിന്നും അവളെ മറച്ചുപിടിക്കാന്‍ ശ്രമിച്ചതൊരു തെറ്റല്ല, അവള്‍ പ്രസവിച്ച കുഞ്ഞിനെ അവളുടെ സമ്മതത്തോടെ വളര്‍ത്താന്‍ ഏല്‍പ്പിച്ചതാണെങ്കില്‍ ആ കാര്യത്തിലും തെറ്റ് പറയാന്‍ സാധിക്കില്ല. എന്നാല്‍ അവള്‍ പറയുമ്പോലെ അനുവാദമില്ലാതെയാണ് അകറ്റിയതെങ്കില്‍ അതിനെ ന്യായികരിക്കാനുമാവില്ല.

അയാളുടെ മുന്‍ ഭാര്യമാരാണ് സഹതാപമര്‍ഹിക്കുന്ന മറ്റൊരു വിഭാഗം.
മധുരവാക്കുകളില്‍ പെട്ടുപോയവര്‍, തങ്ങളുടെ മനസ്സിനെക്കാള്‍ ഉപരി ശരീരത്തെ മാത്രമാണ് അവന്‍ സ്‌നേഹിച്ചത് എന്ന് ഒടുവില്‍ മാത്രം മനസ്സിലാക്കിയവര്‍. വാക്കുകൊണ്ട് വെറുത്താലും മനസ്സുകൊണ്ട് പിരിയാന്‍ കഴിയാത്തവര്‍. ജീവിതം വഴിമുട്ടിപ്പോയവര്‍

ഇനി ആ കുഞ്ഞിനെ ദത്തെടുത്തവര്‍, ഒരുകുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണല്ലോ അവരും ആ കുഞ്ഞിലേക്കെത്തിയത്. തങ്ങളുടെ ജീവനേക്കാള്‍ ആ കുഞ്ഞിനെ അവര്‍ സ്‌നേഹിക്കുന്നുണ്ടാവില്ലേ.? അവരില്‍നിന്നും ആ കുഞ്ഞിനെ അടര്‍ത്തിമാറ്റുമ്പോള്‍ എത്ര പിഞ്ചാണെങ്കിലും ആ മനസ്സും നോവില്ലേ.

നമ്മുടെ കൂടെയും ഉണ്ടാകും അവനെപ്പോലെയുള്ള പലരും. അവര്‍ നമ്മളിലേക്കെത്തുന്നത് കാമുകനായിട്ടായിരിക്കാം, ഭര്‍ത്താവായിട്ടായിരിക്കാം, സുഹൃത്തോ സഹോദരനൊ ആയിട്ടായിരിക്കാം. ചെയ്തിയെ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങള്‍ അവര്‍ക്ക് പലതുമുണ്ടാവാം. എന്നാല്‍ അതിനെല്ലാം അനുഭവിക്കേണ്ടി വരുന്നത് ഒരുപാട് ജീവിതങ്ങളാണ്. നമ്മളില്‍ത്തന്നെ പലരുമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞാല്‍ തന്നെയും പലപ്പോഴും എങ്ങനെ മറികടക്കണമെന്നറിയാത്ത അവസ്ഥയും വരും.

ഒന്നാലോചിച്ചാല്‍ നിലവില്‍ കാര്യങ്ങള്‍ ശാന്തമാണ്. ഇതിനുള്ള പോംവഴി രക്തചൊരിച്ചിലല്ല. അതിനേക്കാള്‍ എത്രയോ ആഴത്തിലുള്ള മുറിവാണ് ഇതില്‍ ഉള്‍പ്പെട്ട എല്ലാവരിലും ഉണ്ടായിട്ടുള്ളത്.
ആ പെണ്‍കുട്ടിക്ക്, അവളുടെ കുടുംബത്തിന്, അവന്റെ ഭാര്യമാര്‍ക്ക്, അവന്റെ മക്കള്‍ക്ക്, കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക്, മുലപ്പാല്‍ നിഷേധിക്കപ്പെട്ട ആ പിഞ്ചു കുഞ്ഞിന്. അങ്ങനെ എത്രയോപേര്‍ക്ക്..!

നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുക. അല്ലാത്തപക്ഷം ‘നിങ്ങളിപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ യന്ത്രം നിര്‍ത്തണം’ എന്ന് ‘റാംജിറാവു’ പറയുമ്പോലെ, ഇങ്ങനെ ഉള്ളവരുടെ യന്ത്രം നാട്ടുകാരുടെ കയ്യാല്‍ ഛേദിക്കപ്പെടുന്നു വരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യും’ – അന്ന ബെന്നി

shortlink

Related Articles

Post Your Comments

Related Articles


Back to top button