തിരുവനന്തപുരം: ഈ മാതൃദിനത്തിൽ കേരളക്കര ഓർക്കുന്ന ഒരു അമ്മയുണ്ട്, അനുപമ അജിത്ത്. ഏറെ വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അനുപമ. അനുപമ വിഷയത്തിൽ കേരളീയർ രണ്ട് തട്ടിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. കുഞ്ഞിനെ ദത്തെടുത്തവർക്ക് തന്നെ കൊടുക്കണമെന്നും, അനുപമ ആ കുഞ്ഞിനെ അർഹിക്കുന്നില്ലെന്നുമായിരുന്നു ഒരുകൂട്ടർ പറഞ്ഞത്. എന്നാൽ, എന്ത് തന്നെയായാലും കുഞ്ഞിനെ അനുപമയുടെ സമ്മതമില്ലാതെ ദത്ത് നൽകിയതിനാൽ പെറ്റമ്മയോളം അർഹയായി മറ്റൊരാൾ ഇല്ലെന്നായിരുന്നു മറ്റൊരു കൂട്ടർ പറയുന്നത്. ഇപ്പോഴിതാ, ഈ മദേഴ്‌സ് ഡേയിൽ തന്റെ മകനോടൊത്തുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അനുപമ. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു അനുപമയുടെ വിശേഷം പങ്കുവെയ്ക്കൽ.
കേസും മറ്റ് കാര്യങ്ങളുമൊക്കെയായി തന്റെ മാതാപിതാക്കളെ വേദനപ്പിച്ചതില്‍ വിഷമമുണ്ടെന്ന് അനുപമ പറയുന്നു. വിവാഹിതനായ ഒരാളില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത കാര്യമാണ്, ആ വിഷമം തനിക്ക് മനസിലാകുമെന്നും അനുപമ പറയുന്നു. എന്നാൽ, അതിന്റെ പേരില്‍ തന്റെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ നോക്കിയത് സഹിക്കാൻ കഴിയുന്നതല്ല എന്നാണ് അനുപമയുടെ മറുപടി.
‘അവര്‍ക്ക് അവരുടെ മകള്‍ എത്രമാത്രം പ്രധാന്യമുണ്ടോ അതുപോലെ തന്നെയാണ് എനിക്ക് എന്റെ മകനും. ഇല്ലാതെയാക്കാനായിരുന്നെങ്കില്‍ എനിക്ക് ആദ്യം തന്നെ അത് ചെയ്യാമായിരുന്നു. എന്നാല്‍, എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. ഞാന്‍ എന്ന അമ്മയുടെ അവകാശത്തെ അവര്‍ മാനിച്ചില്ല. എനിക്ക് സിസേറിയനായിരുന്നു. അതിനുശേഷം പ്രസവശുശ്രൂഷകളൊന്നും കിട്ടിയിട്ടില്ല. അതിന്റേതായ ഒരുപാട് ശാരിരിക ബുദ്ധിമുട്ടുകള്‍ എനിക്കിപ്പോഴും ഉണ്ട്. എന്റെ കുഞ്ഞിന് മുലപ്പാല്‍ കുടിച്ച് വളരാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത്. പാല്‍ കെട്ടികിടന്നിട്ടുള്ള അസ്വസ്ഥതകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്റെ മാതാപിതാക്കളോട് ദേഷ്യം വരും’, അനുപമ പറയുന്നു.
Post Your Comments