കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിനു പിന്നാലെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും ഒളിക്യാമറകൾ ഉണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച്. സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ കസ്റ്റഡിയിൽ എടുത്തു. വോയിസ് കമാന്‍ഡ് അനുസരിച്ച് ആയിരുന്നു ക്യാമറകളിൽ റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ഒളിക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോന്‍സണ് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ദൃശ്യങ്ങൾ പകർത്തി ഉന്നതരായ ആളുകളെ ബ്ളാക്ക്മെയിൽ ചെയ്യുക എന്നതാകാം ഇയാൾ പദ്ധതി ഇട്ടിരുന്നതെന്നാണ് സംശയിക്കുന്നത്.
അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. കലൂരിലെ മോന്‍സന്റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്പ് വാഴക്കാലയിലെ മോന്‍സന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് തിമിംഗലത്തിന്റെ അസ്ഥികള്‍ മാറ്റിയെന്നാണ് കണ്ടെത്തല്‍.
Post Your Comments