ഹൈദരാബാദ്: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. 20 വയസുള്ള രണ്ടുപേരാണ് അറസ്റ്റിലായത്. ഇവരിലൊരാൾ ഹോസ്റ്റലിലെ പാചകക്കാരന്റെ സഹായിയാണ്.
പെൺകുട്ടികളുടെ പരാതിയിൽ ഏഴുപേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോളേജ് പ്രിൻസിപ്പലും ഡയറക്ടറും ചെയർമാനും ഉൾപ്പെടെ കേസിൽ പ്രതികളാണ്. കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് പുതുവത്സരദിനത്തിൽ കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവം കോളേജ് മാനേജ്‌മെൻറിനെ അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
ഹോസ്റ്റലിലെ പാചകത്തൊഴിലാളികളാണ് കുളിമുറി ദൃശ്യം പകർത്തിയതെന്നായിരുന്നു വിദ്യാർത്ഥിനികളുടെ പരാതി. ഹോസ്റ്റൽ വളപ്പിൽ പെൺകുട്ടികളുടെ കുളിമുറികളോട് ചേർന്നുള്ള കെട്ടിടത്തിലാണ് അറസ്റ്റിലായ പാചകത്തൊഴിലാളികളും താമസിച്ചിരുന്നത്. ഇത് മുതലെടുത്ത പ്രതികൾ രഹസ്യമായി കുളിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
Post Your Comments