ന്യൂഡല്‍ഹി: ജാമിഅ നഗർ സംഘര്‍ഷത്തില്‍ പ്രതിയായ ജെ.എന്‍.യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി സാകേത് കോടതി ജാമ്യം നിഷേധിച്ചു. 2019 ഡിസംബര്‍ 19ന് ജാമിഅ നഗര്‍ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രമത്തിന് പ്രേരിപ്പിച്ചെന്നുമുള്ള കേസിലാണ് ഷര്‍ജീലിന്റെ ജാമ്യ ഹർജി തള്ളിയത്. പ്രസംഗം സാമുദായിക, വിഭജനപരമായ വാക്കുകള്‍ അടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടി അഡീഷനല്‍ സെഷന് ജഡ്ജി അനൂജ് അഗര്‍വാളാണ് ജാമ്യം നഷേധിച്ചത്.
എന്നാല്‍, പ്രസംഗത്തില്‍ പ്രചോദിതരായി ജനം കലാപത്തില്‍ പങ്കുചേര്‍ന്നു എന്നതിന് തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി നിരീക്ഷിച്ചു. ഒരു ദൃക്സാക്ഷിയെ പോലും പ്രോസിക്യൂഷന് ഉദ്ധരിക്കുകയോ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം കേട്ട് മറ്റു കുറ്റാരോപിതര്‍ കലാപം നടത്തിയെന്നു വ്യക്തമാക്കാന്‍ മറ്റു തെളിവുകളൊന്നും രേഖപ്പെടുത്തിയില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചോളം സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ ഷര്‍ജീല്‍ ഇമാമിന്റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ഡിസംബര്‍ 15നാണ് സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്.
Post Your Comments