മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പിതാവ് ഷാരൂഖ് ഖാന് പിന്തുണയുമായി നടി സ്വര ഭാസ്കർ. ഷാരൂഖ് ഖാന്‍ ദയാവായ്പിന്റേയും മാന്യമായ പെരുമാറ്റത്തിന്റെയും ഉദാഹരണമാണെന്നും ഒരു ആശയമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച ഗുണങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നതെന്നും സ്വാഭാ ഭാസ്കർ വ്യക്തമാക്കി.
‘അദ്ദേഹം എനിക്ക് വ്യക്തിപരമായി ഒരു പ്രചോദനമാണ്. ഇന്ത്യയെന്ന ആശയത്തെയാണ് ഷാരൂഖ് പ്രതിനിധീകരിക്കുന്നത്. ദയാവായ്പിന്റേയും മാന്യമായ പെരുമാറ്റത്തിന്റെയും മികച്ച ഉദാഹരണമാണ് അദ്ദേഹം’, സ്വര ട്വീറ്റ് ചെയ്തു. ഇന്നലെ ഷാരൂഖ് മകനെ കാണാൻ ജയിലിലെത്തിയിരുന്നു. കൊവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖ് ജയിലിലെത്തിയത്. 20 മിനുട്ടോളം അദ്ദേഹം ജയിലില്‍ ചിലവിട്ടു.
രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്. ആര്യന്‍ ഖാന്‍ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ നിര്‍ണായക തെളിവുകളായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ചില ഗൂഢാലോചനകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു.
ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ഈ മാസം എട്ടിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം എന്‍.സി.ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് തവണയും മുംബൈയിലെ പ്രത്യേക കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.
Post Your Comments