ന്യൂഡൽഹി: തെന്നിന്ത്യൻ താരം രാംചരണിനോട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സെബ ഹസ്സൻ. ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെയായിരുന്നു സംഭവം നടന്നതെന്നാണ് രാംചരണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സെബ വ്യക്തമാക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സെബ ഇക്കാര്യം അറിയിച്ചത്.
ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ആദ്യ ദിനം വേദിയിലേക്ക് നൃത്തം ചെയ്യാനായി രാംചരണിനെ ക്ഷണിച്ചപ്പോൾ ഷാരൂഖ് ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകളാണ് ഉപയോഗിച്ചതെന്നാണ് സെബ പറയുന്നത്. ആർആർആർ എന്ന സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിന് അനുസരിച്ച് ഷാരൂഖും സൽമാൻ ഖാനും രാംചരണും വേദിയിൽ നൃത്തം ചെയ്തിരുന്നു.
ഈ സമയത്താണ് രാംചരണിനെ ഷാരൂഖ് അവർക്കൊപ്പം ചേരാൻ ക്ഷണിച്ചത്. ‘ഇഡ്ഡലി വട രാംചരൺ നിങ്ങൾ എവിടെയാണ്?’ എന്നായിരുന്നു ഷാരൂഖ് ചോദിച്ചത്. ഇതാണ് ഷാരൂഖ് ഖാനെതിരെ സെബ ഉന്നയിച്ച ആരോപണം. സംഭവത്തിന് പിന്നാലെ താൻ വേദി വിട്ടു പോയെന്നും സെബ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോറി വിവാദമായതിന് പിന്നാലെ ഷാരൂഖ് ഖാന് പിന്തുണയുമായി ആരാധകർ രംഗത്തെത്തി. ‘വൺ റ്റു കാ ഫോർ’ എന്ന തന്റെ ചിത്രത്തിലെ സംഭാഷണത്തിന് സമാനമായ കാര്യങ്ങളാണ് ഷാരൂഖ് പറഞ്ഞതെന്നും അതെല്ലാം തമാശയായിരുന്നുവെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments