മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ആണ് വഴിവെച്ചത്. സംഭവം വിവാദമായതോടെ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന തള്ളിക്കൊണ്ട് നടൻ ഷാരൂഖ് ഖാൻ തന്നെ രംഗത്തെത്തി. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രചരിപ്പിക്കരുതെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.
ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടി എന്നാണ് സുബ്രഹ്മണ്യൻ സ്വാമി എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നത്. ഈ പ്രസ്താവന വിവാദമായതോടെയാണ് ഷാരൂഖ് തന്നെ വാർത്ത തള്ളിയത്.
“ഇത്തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. ഖത്തറിൽ നിന്നും നാവികർ സുരക്ഷിതരായി തിരികെയെത്തിയതിൽ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഷാരൂഖ് ഖാനും സന്തോഷമുണ്ട്. അവർക്ക് എല്ലാ ആശംസകളും നേരുന്നു” എന്ന് ഷാരൂഖിന്റെ മാനേജർ പൂജ ദാദൽനി പ്രതികരിച്ചു.
ഒരു മലയാളി അടക്കം 8 മുൻ നാവികസേന അംഗങ്ങളെ ആയിരുന്നു ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാവികരുടെ വധശിക്ഷ റദ്ദ് ചെയ്തത്. തുടർന്നും കേന്ദ്രസർക്കാർ നടത്തിയ കൃത്യമായ ഇടപെടലുകളുടെ ഫലമായി ഈ എട്ട് നാവികരും ഖത്തറിലെ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ട് കഴിഞ്ഞദിവസം തിരികെ ഇന്ത്യയിൽ എത്തിയിരുന്നു.
Post Your Comments