KeralaNattuvarthaLatest NewsNewsIndia

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയും: രാജ്മോഹന്‍ ഗാന്ധി

ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്, ഇത് തെറ്റാണ്

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയുമെന്ന് രാജ്മോഹന്‍ ഗാന്ധി. ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പമായിരുന്നു സവര്‍ക്കര്‍ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും രേഖപ്പെടുത്തിയതുമായ തെളിവുകള്‍ ഇതിനുണ്ടെന്നും രാജ്മോഹന്‍ ഗാന്ധി പറഞ്ഞു.

Also Read:സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചേക്കും

‘1939ല്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട കാലത്തും 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പമായിരുന്നു സവര്‍ക്കര്‍ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും രേഖപ്പെടുത്തിയതുമായ തെളിവുകള്‍ ഇതിനുണ്ട്. മുഹമ്മദലി ജിന്നയും മുസ്ലിം ലീഗും ഒരുവശത്തും സവര്‍ക്കറും ഹിന്ദു മഹാസഭയും മറുവശത്തുമായിരുന്നു. നിര്‍ണായകമായ ആ വര്‍ഷങ്ങളില്‍ ഇരുകൂട്ടരും സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനിന്നു’, രാജ്‌മോഹൻ ഗാന്ധി പറഞ്ഞു.

‘1939ല്‍, ബ്രിട്ടീഷുകാരല്ല ഹിന്ദുക്കളാണ് മുഖ്യശത്രുക്കളെന്ന് ജിന്ന തീരുമാനിച്ചു. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ സവര്‍ക്കര്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് മാറിയിരുന്നു. ബ്രിട്ടീഷുകാരല്ല, മുസ്ലിങ്ങളാണ് മുഖ്യശത്രുക്കളെന്ന് സവര്‍ക്കറും തീരുമാനിച്ചിരുന്നു. എന്നാല്‍, ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, മൗലാന അബുല്‍ കലാം ആസാദ് തുടങ്ങിയവരും ഭൂരിഭാഗം ഇന്ത്യന്‍ ജനതയും ബ്രിട്ടീഷുകാരെയാണ് മുഖ്യശത്രുക്കളായി കണ്ടത്’, രാജ്മോഹന്‍ ഗാന്ധി ആരോപിച്ചു.

‘ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്. ഇത് തീര്‍ത്തും തെറ്റാണ്. ചിരിച്ചുതള്ളാനുള്ളതാണ്. 1920ല്‍ സവര്‍ക്കറുടെ ഇളയ സഹോദരന്‍ നാരായണ്‍ റാവു സഹായത്തിനായി ഗാന്ധിജിയെ സമീപിച്ചിരുന്നു. തന്‍റെ മുതിര്‍ന്ന സഹോദരങ്ങള്‍ ജയിലില്‍ അനാരോഗ്യാവസ്ഥയിലാണെന്നാണ് നാരായണ്‍ റാവു അറിയിച്ചത്. 1919ല്‍ നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കിയിട്ടും തന്‍റെ സഹോദരങ്ങള്‍ അതില്‍ ഉള്‍പ്പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിജി സഹായിക്കാന്‍ ആഗ്രഹിച്ചു. തങ്ങളുടെ പ്രവര്‍ത്തനം തീര്‍ത്തും രാഷ്ട്രീയമാണെന്ന് ഊന്നിക്കൊണ്ട് കത്ത് നല്‍കാന്‍ ഉപദേശിച്ചു. നാരായണ്‍ റാവുവിന്‍റെ കത്തും ഗാന്ധിയുടെ മറുപടിയും നമുക്ക് ലഭ്യമാണ്. 1920ല്‍ ഗാന്ധി നല്‍കിയ ഈ മറുപടിയാണ് ഒമ്ബത് വര്‍ഷം മുമ്ബ് മാപ്പപേക്ഷിക്കാന്‍ ഗാന്ധി നിര്‍ദേശിച്ചതായി രാജ്നാഥ് സിങ് ചിത്രീകരിക്കുന്നതും അത് വിശ്വസിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നതും. ഇത് തീര്‍ത്തും അസംബന്ധമാണ്’, രാജ്മോഹന്‍ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button