
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാതെ നവ്ജ്യോത് സിങ് സിദ്ദു. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട് എല്ലാ പ്രശ്നവും അവസാനിച്ചെന്ന് അവകാശപ്പെട്ട് മടങ്ങിയ സിദ്ദു, തൊട്ടുപിന്നാലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്തയച്ചു. പഞ്ചാബിന്റെ പുനരുജ്ജീവനത്തിന് പതിമൂന്നിന അജന്‍ഡ നേരിട്ട് അവതരിപ്പിക്കാന് അവസരംതേടുന്ന കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടു.
നേരിട്ടു പറയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പറയേണ്ടതില്ലെന്ന് സോണിയ പ്രവര്ത്തകസമിതിയില് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിദ്ദു കത്ത് പുറത്തുവിട്ടത്. പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്നം അവസാനിച്ചെന്ന് കരുതിയ കേന്ദ്രനേതൃത്വം ഇതോടെ വെട്ടിലായി. ജൂലൈ 19നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയത്. പിന്നാലെ അമരീന്ദര്‍ സിങ്ങുമായി കൊമ്ബുകോര്‍ക്കല്‍ രൂക്ഷമായി.
ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ സിദ്ദു ഉറപ്പിച്ചതോടെ അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തെറിച്ചു. പകരമെത്തിയ ചരണ്‍ജിത് സിങ് ചന്നിയുമായി തെറ്റി സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിനാണ് രാഹുലിനെ കാണാന് വെള്ളിയാഴ്ച ഡല്ഹിയിലെത്തിയത്. പ്രശ്നം അവസാനിച്ചെന്ന് മാധ്യമങ്ങളോട് പറഞ്ഞ സിദ്ദു അന്നുതന്നെ സോണിയയെ കാണാന് കത്തു നല്കിയെന്നാണ് ഇപ്പോള്‍ വ്യക്തമായത്.
Post Your Comments