തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്യാറ്റിന്‍കര, വര്‍ക്കല, നെടുമങ്ങാട് ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടിലെ താമസക്കാരെ ബന്ധുവീടുകളിലേക്കും സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്കും മാറ്റി പാര്‍പ്പിച്ചു. മുട്ടത്തറ, അമ്പലത്തറ ഭാഗങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മുന്‍കരുതലാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനായുള്ള തെരച്ചില്‍ ഞായറാഴ്ചയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ചാക്ക അഗ്നിരക്ഷാനിലയത്തിലെ സ്‌കൂബാ ടീം ഉള്‍പ്പെടുന്ന സംഘം ശനിയാഴ്ച രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയില്‍ നെയ്യാറ്റിന്‍കരയില്‍ സന്തോഷിന്റെ വീട്ടിലെ കിണറും ബാലരാമപുരത്ത് രാജന്‍, ശാന്ത എന്നിവരുടെ വീടിന് സമീപത്തെ കിണറുകളും ഇടിഞ്ഞു താണു. ജില്ലയില്‍ രണ്ട് ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു. എം.എന്‍.എല്‍.പി.എസ് കല്ലിയൂര്‍, ഈഞ്ചക്കല്‍ യു.പി.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.
നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊന്‍മുടി ഹില്‍ സ്റ്റേഷനിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
Post Your Comments