ചെറുവത്തൂര്‍: കായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കണമെന്നും, മെഡലുകൾ വാരിക്കോരണമെന്നും സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിളിച്ചു പറയുമ്പോഴും 2015ല്‍ നടന്ന ഒളിമ്പിക്സിൽ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച ഒളിമ്പ്യന്‍ സുമേഷിന് ജീവിക്കാന്‍ ഇപ്പോഴും മാലക്കെട്ടി വിൽക്കുകയാണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതാണ് ചെറുവത്തൂര്‍ കുട്ടമത്തെ ഇ. സുമേഷിന്റെ ജീവിതം ഇത്രത്തോളം ദുരിതപൂർണ്ണമാക്കിയത്.
അന്ന് സുമേഷും സംഘവും മടങ്ങുമ്പോൾ അവരുടെ പക്കൽ ഇന്ത്യ നേടിയ വെങ്കലത്തിന്റെ തിളക്കമുണ്ടായിരുന്നു. അഭിമാനനേട്ടത്തിന് കാരണക്കാരായവർക്ക് അന്ന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആറുവർഷത്തോളം പിന്നിട്ടിട്ടും ആ വാഗ്ദാനം നടപ്പിലായില്ല. വീട്ടില്‍ നിന്ന് മാല കോര്‍ത്ത് ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്കും ക്ഷേത്രങ്ങളിലും വില്പന നടത്തിയാണ് ഒളിമ്പ്യൻ സുമേഷ് ഇപ്പോൾ ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്.
വാഗ്ദാനങ്ങൾ പഴങ്കഥകളായപ്പോൾ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സുമേഷ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാൽ ഭിന്ന ശേഷിക്കാര്‍ക്ക് സ്പോട്സ് ക്വാട്ട പരിഗണിക്കുമെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നവരുടേത് പരിഗണിക്കില്ല എന്നതാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് സുമേഷിന് നല്‍കിയ മറുപടി. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സുമേഷ് പരാതി നല്‍കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ജൂലൈ 13നായിരുന്നു അനുകൂല വിധി വന്നത് അന്ന് മുതൽ സുമേഷ് പ്രതീക്ഷയിലാണ്. വിധിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ തീരുമാനം ഈ ആഴ്ച വരുമെന്നാണ് സുമേഷ് കണക്കു കൂട്ടുന്നത്. അവിടെയും തെറ്റിയാൽ വീണ്ടും മാല കോർക്കണം. ചുട്ടുപൊള്ളുന്ന ദേശീയ പാതാകളിലൂടെ വീണ്ടും നടക്കണം.
Post Your Comments