ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണം: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഉപദേശം

ഒരു തവണ കാലിടറിയാല്‍, തെറ്റായ വഴി സ്വീകരിച്ചാല്‍ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമാകില്ല

തിരുവനന്തപുരം: രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയില്‍ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച 39 പേരെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:അഫ്ഗാനിലെ മതമൗലിക ഭീകരവാദവും ലഹരികടത്തും തടയാന്‍ ഒന്നിക്കണമെന്ന് ലോകരാജ്യങ്ങളോട് പ്രധാനമന്ത്രി മോദി

‘നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ മാതൃകയാക്കിയാല്‍ മാത്രംപോരാ, പ്രവൃത്തിയിലൂടെ അവരെക്കാള്‍ മുന്നിലെത്താന്‍ ഇന്നത്തെ വിജയികള്‍ക്കാകണം. രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണം. ദു:സ്വാധീനത്തില്‍ അണുവിട വീഴാതെ പ്രവര്‍ത്തിക്കണം. ശരിയല്ലാത്ത തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ചിലര്‍ ശ്രമിക്കും. ആദ്യമേതന്നെ തെറ്റ് ചെയ്യില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കാനായാല്‍ ഈ പ്രശ്നത്തെ മറികടക്കാനാവും. ഒരു തവണ കാലിടറിയാല്‍, തെറ്റായ വഴി സ്വീകരിച്ചാല്‍ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമാകില്ല എന്നത് മനസില്‍ കരുതണം’, മുഖ്യമന്ത്രി പറഞ്ഞു.

‘പിന്തള്ളപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാവണം. അതിനുള്ള മനോഭാവം ഉണ്ടാവണം. സമൂഹത്തിലെ ഉന്നതര്‍ക്കും സാമ്പത്തികശേഷിയുള്ളവര്‍ക്കും നിങ്ങളുടെ സഹായം ആവശ്യമായി വരില്ല. അതേസമയം ഒരു വില്ലേജ് ഓഫീസറെപോലും നേരില്‍ കാണാന്‍ സാധിക്കാത്ത ജനവിഭാഗമുണ്ട്. അവര്‍ക്കാണ് നിങ്ങളുടെ സേവനം യഥാര്‍ത്ഥത്തില്‍ വേണ്ടത്. മികച്ച വേഷഭൂഷാധികളോടെ വരുന്നവരെ അംഗീകരിക്കുകയും പാവപ്പെട്ടവരോട് നീരസം തോന്നുകയും ചെയ്യുന്ന മാനോഭാവം ഉണ്ടാകരുത്’, മുഖ്യമന്ത്രി പറഞ്ഞു.

‘വിജയിച്ചവര്‍ രാജ്യസേവനത്തിന് തയാറായി നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും നിങ്ങള്‍ നിയോഗിക്കപ്പെടാം. അത് പൂര്‍ണമായി ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കാനാവണം. എവിടെ നിയമനം ലഭിച്ചാലും അതാണ് തങ്ങളുടെ കര്‍മ്മപഥമെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയാറാവണം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button