തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആകും ഭൗതികശരീരം എത്തിക്കുക. തുടര്‍ന്ന് ‘വൈശാഖം’ എന്ന സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം നടത്തും.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. 24 വയസുകാരനായ വൈശാഖിന്റെ വേര്‍പാട് ഇനിയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു ജൂനിയര്‍ കമാന്‍ഡന്റ് ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. ഏറെ വര്‍ഷത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് വേണമെന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് വൈശാഖ് തന്റെ സ്വപ്‌നം സഫലീകരിച്ചത്. വൈശാഖം എന്ന തന്റെ വീട്ടില്‍ അവസാനമായി വൈശാഖ് എത്തിയത് ഇക്കഴിഞ്ഞ ഓണത്തിനാണ്. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഹരികുമാര്‍-മീന ദമ്പതികളുടെ മകനാണ്. ശില്‍പയാണ് ഏക സഹോദരി.
Post Your Comments